മലയാളത്തിന്റെ പ്രിയതാരം സൈജു കുറുപ്പ് നായകനാകുന്ന ആരം എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. പോലീസ് സ്റ്റേഷനിലെ തിരക്കുകൾക്കിടയിൽ, അടഞ്ഞുപോയ മുറികൾക്കും ഫയലുകൾക്കും നടുവിൽ ആലോചനയോടെ നിൽക്കുന്ന പോലീസ് ഇൻസ്പെക്ടർ. ചുവരുകൾക്കപ്പുറത്ത് ഓരോ മുറിയിലും പുകയുന്ന ഉദ്വേഗങ്ങൾ... ആരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർക്കു സമ്മാനിച്ചത് ഈയൊരു ദൃശ്യാനുഭവമാണ്. റോളുകൾ ഏതുമാകട്ടെ, കഥാപാത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൈജു കുറുപ്പ് വീണ്ടും പോലീസ് യൂണിഫോമിൽ എത്തുന്നു എന്നത് ചലച്ചിത്രാസ്വാദകരിൽ സൃഷ്ടിച്ചിരിക്കുന്ന ആകാംക്ഷ ചെറുതല്ല.
സിഐ ആന്റോ ഈപ്പൻ എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് ചിത്രത്തിൽ എത്തുന്നത്. ഔദ്യോഗിക കടമകളും വ്യക്തിപരമായ നിലപാടുകളും തമ്മിൽ കൊമ്പുകോർക്കുമ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഉള്ളിൽ രൂപപ്പെടുന്ന ആന്തരിക സംഘർഷങ്ങളാണ് കഥയുടെ കാതൽ. അപ്രതീക്ഷിതമായി കടന്നുവരുന്ന കേസും, അതിനെത്തുടർന്നുണ്ടാകുന്ന നിഗൂഢ സംഭവങ്ങളും ആന്റോ ഈപ്പന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനയജീവിതത്തിന്റെ ഇരുപതു വർഷം പൂർത്തിയാക്കിയ സൈജു കുറുപ്പിന്റെ കരിയറിലെ കാമ്പുള്ള വേഷങ്ങളിലൊന്നായിരിക്കും സിഐ ആന്റോ ഈപ്പൻ. രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് വിഷ്ണു രാമചന്ദ്രനാണ്. ഗുഡ് ഹോപ്പിന്റെ ബാനറിൽ ജുനൈസ് ബാബുവാണ് നിർമാണം.